26/06/2026
കേരള–തമിഴ്നാട് അതിർത്തിയിലെ പുണ്യഭൂമിയായ കാരക്കോണത്തിനടുത്തുള്ള രാമവർമ്മൻചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഏകദേശം 800 വർഷം പഴക്കമുള്ള ദിവ്യസന്നിധിയാണ്. 2009-ൽ ജീർണ്ണോദ്ധാരണത്തിനുശേഷം മഹാകുംഭാഭിഷേകത്തോടെ നവചൈതന്യം പ്രാപിച്ച ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വേണ്ണയേന്തിയ ഉണ്ണിക്കണ്ണനാണ്. അയ്യപ്പൻ, ഗണപതി, ദുർഗ്ഗാദേവി, നാഗർ എന്നിവരും ഉപദേവതകളായി വാഴുന്നു. എല്ലാ ദിവസവും ഭക്തർക്കായി തുറന്നിരിക്കുന്ന ഈ ക്ഷേത്രത്തിൽ വ്യാഴാഴ്ചകളിലും ആയില്യം നാളുകളിലും വിശേഷ പൂജകളും ദർശനവും നടക്കുന്നു. ഗണപതി ഹോമം, കലശപൂജ, നാഗരൂട്ട്, പാൽപ്പായസ നേർച്ച എന്നിവ ഭക്തജനങ്ങളുടെ വിശ്വാസത്തിന് കരുത്തേകുന്ന പ്രധാന വഴിപാടുകളാണ്. ഇവിടുത്തെ ഏറ്റവും വിശിഷ്ടമായ ആചാരമാണ് കൃഷ്ണവിളക്ക്. ഒരു ദീപത്തിൽ ആരംഭിച്ച് ഇരുപത്തിയൊന്ന് ഞായറാഴ്ചകളിലൂടെ ഇരുപത്തിയൊന്ന് ദീപങ്ങളുടെ ദിവ്യപ്രകാശത്തിൽ പൂർത്തിയാകുന്ന ഈ നേർച്ചയിൽ, മേൽശാന്തി തെളിയിച്ചു നൽകുന്ന ദീപവുമായി ഭക്തൻ ഓരോ ഞായറാഴ്ചയും ശ്രീകോവിലിനു ചുറ്റും നാല് പ്രദക്ഷിണം വച്ച് ദീപം സമർപ്പിക്കുന്നു. ഓരോ ആഴ്ചയും ഒരു ദീപം വീതം വർധിച്ചുകൊണ്ട് ഇരുപത്തിയൊന്നാം ഞായറാഴ്ച ഇരുപത്തിയൊന്ന് ദീപങ്ങളുമായി നടത്തുന്ന ആ വിശ്വാസയാത്ര, ഭഗവാൻ ശ്രീകൃഷ്ണന്റെ തിരുനടയിൽ പാൽ പൊങ്കാല സമർപ്പിക്കുന്നതോടെ പൂർണമാകുന്നു. ദീപപ്രകാശത്തിലൂടെ ഭക്തിയും വിശ്വാസവും അനുഗ്രഹവും ഒരുമിക്കുന്ന ഈ ദിവ്യാനുഷ്ഠാനം അനേകം ഭക്തരുടെ മനസ്സിൽ പ്രത്യാശയും ആത്മീയാനുഭൂതിയും നിറയ്ക്കുന്ന അപൂർവമായൊരു അനുഭവമാണ്. 🙏🪔💙