16/06/2020
ശ്രീ: പിണറായി വിജയൻ
(കേരള മുഖ്യമന്ത്രി)
വിഷയം: ബാങ്കിലെ ഗ്ലാസ് ഡോർ തകർന്നു, വീട്ടമ്മ കൊല്ലപ്പെട്ടത് സംബന്ധിച്ച്.
സർ,
ഗ്ലാസ് ഡോറിൽ ഇടിച്ചു വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടത് അത്യന്തം വേദനയോടെയാണ് കേൾക്കുവാൻ സാധിച്ചത്. എറണാകുളം ജില്ലയിലെ ബാങ്ക് ഓഫ് ബറോഡ പെരുമ്പാവൂർ ശാഖയിലാണ് അനിഷ്ട സംഭവം ഉണ്ടായത്.
അതീവ ഗുരുതരമായ ഒരു കുറ്റകൃത്യമാണ് അവിടെ സംഭവിച്ചിരിക്കുന്നത്. കേവലം ചെറിയ തുകയുടെ ലാഭത്തിനു വേണ്ടിയോ, അല്ലെങ്കിൽ ഇതൊന്നും ആരും ശ്രദ്ധിക്കില്ല എന്ന് കണക്കു കൂട്ടിയോ ആയിരിക്കും പ്രസ്തുത ബാങ്കിൽ ഇതുപോലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
വീഡിയോയിൽ കാണുന്നത് അനുസരിച്ചു, അലൂമിനിയം ഫ്രെയിമിൽ നിർമ്മിച്ച ഗ്ളാസ് പാർട്ടീഷനും ഡോറുമാണത് അവിടെയുള്ളത്. അങ്ങിനെയുള്ള ഡോറിൽ പരമാവധി 6mm ഗ്ലാസ് മാത്രമേ ഉപയോഗിക്കുവാൻ സാധിക്കൂ. കാരണം ഗ്ലാസ്സിന്റെ വെയ്റ്റ് കാരണം ഡോർ നിലത്തു ഉരയാൻ സാധ്യതയുണ്ട്.
കൂടാതെ, അവിടെ ഗ്ലാസ് ഉണ്ട് എന്ന് തിരിച്ചറിയിക്കുന്നതിനുള്ള ഒരു എച്ചിങ് സ്റ്റിക്കറോ, എഴുത്തുകളോ പോലുമില്ലായിരുന്നു എന്നതും ഞെട്ടിക്കുന്നതാണ്.
ഏതൊരു ബാങ്കുകൾക്കും കൃത്യമായ ഒരു സ്പെസിഫിക്കേഷനുകളോടെ മാത്രമേ ഇന്റീരിയർ വർക്കുകൾ ചെയ്യുവാൻ സാധിക്കുകയുള്ളൂ എന്നിരിക്കെ, ഇവിടെ എന്താണ് സംഭവിച്ചത് എന്ന് അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.
പൊതു ഇടങ്ങളിലും, ആളുകൾ കൂടുന്നിടങ്ങളിലും 12mm ടഫൻ ഗ്ലാസ്സുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നുണ്ട്. കൂടാതെ, ഏതു ഗണത്തിലുള്ള ഗ്ലാസുകളും ടഫൻ ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ടഫൻ ചെയ്ത ഗ്ലാസ്സുകൾ പൊടിഞ്ഞു പോവുകയാണ് ചെയ്യുന്നത്.
അല്ലെങ്കിൽ ലാമിനേറ്റഡ് ടഫൻ ഗ്ലാസ് ഉപയോഗിക്കണം, അഥവാ ഈ ഗ്ലാസ് പൊട്ടിയാൽതന്നെ പൊടികളായിപ്പോലും താഴെ വീഴുകയുമില്ല, അപകടം സംഭവിക്കുകയുമില്ല എന്നതാണ് അതിന്റെ പ്രത്യേകത.
ഇതുപോലുള്ള സുരക്ഷാ കാര്യങ്ങളിൽ വിദേശ രാജ്യങ്ങളെ നമ്മൾ മാതൃകയാക്കേണ്ടതാണ്. സകല നിർമ്മാണങ്ങൾക്കും പാലിക്കപ്പെടേണ്ട സ്റ്റാൻഡേഡ് എല്ലായ്പ്പോഴും അവർ പിന്തുടരുന്നുണ്ട്, നമ്മളും അത് മാതൃകയാക്കേണ്ടതാണ്.
ഐക്ക (Interior Exterior Consultants & Contractors Association Kerala) എന്ന ഇന്റീരിയർ ഡിസൈനർമാരുടെ കേരളത്തിലെ സംഘടന ഇതുപോലുള്ള മാനദണ്ഡങ്ങൾ മാത്രം പാലിച്ചുകൊണ്ടാണ് ഇന്റീരിയർ ജോലികൾ ഏറ്റെടുക്കുന്നതും, സ്പെസിഫിക്കേഷനുകൾ ചെയ്യുന്നതും. ഇതുപോലുള്ള ധാരാളം അപകട സാധ്യതകളും, ഭാവിയിലുണ്ടാവാൻ പോവുന്ന പ്രശ്നങ്ങളെക്കുറിച്ചും ഐക്കയുടെ അംഗങ്ങൾ ക്ലയന്റിനെ ബോധ്യപ്പെടുത്തി മാത്രമാണ് ചെയ്യുന്നത്.
കോവിഡ് കാലത്ത് സർക്കാർ നിർദ്ദേശങ്ങൾ, പൂർണ്ണമായും വർക്ക് സൈറ്റുകളിൽ പാലിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം നൽകുകയും ചെയ്തിട്ടുള്ള ഐക്ക എന്ന ഞങ്ങളുടെ അസോസിയേഷൻ നിർദ്ദേശിക്കുന്ന ഈ കാര്യങ്ങളിൽ സർക്കാരിൻറെ അടിയന്തിര ശ്രദ്ധ പതിയണമെന്നും ഞങ്ങൾ ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
ഇന്റീരിയർ ജോലികൾ ചെയ്യുമ്പോൾ പാലിക്കേണ്ട അടിസ്ഥാന നിലവാരങ്ങളെക്കുറിച്ചു ഒരു രൂപരേഖ തയ്യാറാക്കി സർക്കാരിന് നൽകുവാനും ഐക്ക എന്ന സംഘടന തയ്യാറാണ് എന്നും അറിയിച്ചുകൊള്ളുന്നു.
ബഹുമാനപൂർവ്വം:
ഐക്ക സംസ്ഥാന കമ്മിറ്റിക്കു വേണ്ടി,
സ്റ്റേറ്റ് പ്രസിഡന്റ്.
16/ 06/ 2020
കോഴിക്കോട്