19/06/2026
മഴ
പെയ്തു തോർന്നിട്ടും
നനവ് മാറാത്ത മുറിയിൽ
നഷ്ട പ്രണയം
പെയ്യുന്നു..
മേൽക്കൂരയില്ലാത്ത
വിരഹത്തിൽ തട്ടി ചിതറിയ
കവിത ചോദിക്കുന്നു
"എന്തിനെന്നെ എഴുതുന്നു?"
ഞാൻ പറഞ്ഞു
“അവൾക്കു കേൾക്കാൻ”
അവൾ കേൾക്കുമോ..? ചോദ്യം..
“കേൾക്കും ”
ഉത്തരം പാതി പറയും മുൻപേ
മൂടൽമഞ്ഞു നിറഞ്ഞു
നിന്റെ മുഖം മറച്ചു..
രാത്രി വൈകും വരെ ഞാനത് തിരഞ്ഞു..
കിട്ടിയതോ
എന്റെ തന്നെ ശൂന്യതയിൽ ഞാൻ വരച്ചൊരു മഴചിത്രം..
വാതിൽ തുറന്നിട്ടേക്കാം
തണുത്ത കാറ്റ് വരുമായിരിക്കും..
പിന്നെയോ
വന്നുപോകുന്നതൊക്കെ വിരഹം നിറച്ചൊരു ചാറ്റൽ മഴ മാത്രം.
ഇനി മഴ പെയ്താൽ
ഞാൻ നനയില്ല
കാരണം ഉള്ളിലെ ഓർമ്മകൾ
ഒരു മേൽക്കൂര പണിതു..
ഉറഞ്ഞുപോയൊരു
നിന്റെ പേരിൽ...
“ഇനി ഞാൻ മഴ കണ്ടില്ലെങ്കിലോ..?”
കവിത ചോദിച്ചു
അവളില്ലങ്കിൽ
ഞാനുമില്ല, പിന്നെങ്ങനെ ഞാൻ നിന്നെ മഴയെ കാട്ടാൻ...
ഉത്തരം കേട്ടു കരഞ്ഞ കവിതയുടെ
കണ്ണുനീർ വീണ്ടും
മഴപോലെ
എന്നേ നനയ്ക്കുന്നു...
മടക്കമില്ലാത്തൊരു നഷ്ടപ്രണയമായി എന്നിൽ നിറയുന്നു..