SuniKa

SuniKa SunithaVerse ✍️
Malayalam stories & emotional writings 💛
Stories that stay with you… 🌙
🔍 Search: SunithaVerse

സ്റ്റോപ്പ് !!!! കാറിനുള്ളിൽ നിന്നും എന്റെ അലർച്ചയുയർന്നു.യക്ഷിപ്പാല 3​യാതൊരു ആശങ്കകളുമില്ലാതെ വീട്ടുകാരൻ വണ്ടി ഓടിക്കുകയ...
28/05/2026

സ്റ്റോപ്പ് !!!! കാറിനുള്ളിൽ നിന്നും എന്റെ അലർച്ചയുയർന്നു.

യക്ഷിപ്പാല 3

​യാതൊരു ആശങ്കകളുമില്ലാതെ വീട്ടുകാരൻ വണ്ടി ഓടിക്കുകയാണ്.
ഉള്ളിലെ ഉല്ലാസം പഴയകാല സിനിമാപ്പാട്ടുകളിലെ വരികളായി ചിന്നിയും തെന്നിയും പുറത്തേക്ക് ചാടുന്നുമുണ്ട്...
സ്റ്റോപ്പ് !!!! കാറിനുള്ളിൽ നിന്നും എന്റെ അലർച്ചയുയർന്നു.
ഹെന്തേ....?? ബ്രേക്കിൽ കാൽ അത്യാവശ്യത്തിനൊന്നമർത്തി വേവലാതിയോടെ ആൾ
എന്നെ നോക്കി. പിന്നെ എന്റെ കണ്ണുകളെ പിൻതുടർന്ന് വലതു വശത്തു കണ്ട
ചെടി നഴ്സറിയിലേക്കും നീണ്ടു.
ഈയിടെ ഇത്തരം അലർച്ചകൾ കാറിൽ നിന്ന് ഉയരാറില്ല.
വീട്ടിലിനി ചെടി കുത്തിനിറക്കാൻ ഒരിടവും ബാക്കിയില്ല. അതിൽപിന്നെ ഈ ഉല്ലാസ ഭാവത്തോടെ യാതൊരാശങ്കകളുമില്ലാതെയാണു വീട്ടുകാരന്റെ യാത്രകൾ മിക്കതും.
"ഓ... കടലാസ് ചെടിയാവും... ഇനി ഓരോരുത്തരും ചട്ടിയും
തലയിൽ വെച്ചു നിൽക്കേണ്ടി വരുംട്ടോ.. നല്ല പൂവുള്ളതു നോക്കി അഞ്ചെണ്ണം
വാങ്ങിക്കാം. രണ്ടെണ്ണം വലുതും മൂന്നെണ്ണം ചെറുതും. തലയിലും വെച്ചു
പകല് ഗേറ്റിനരികിലു നിന്നാമതി.."
​ഞാൻ കുലുങ്ങിയില്ല. ഇതിനൊന്നും ഉത്തരമേ അർഹിക്കുന്നില്ലെന്ന മട്ടിൽ
നഴ്സറിലേക്ക് വച്ചു പിടിച്ചു.
പൊരിവെയിൽ ഉരുകിയ ലാവപോലൊഴുകുന്ന ഉച്ചയിലേക്കും നോക്കി മേശക്കരികിൽ കസേരയിലിരിക്കുകയായിരുന്ന
നേഴ്‌സറിക്കാരൻ ചൂണ്ടയിൽ കുരുങ്ങിയ മീനുകളെ പോലെ കരയിലേക്കടുക്കുന്ന ഞങ്ങളെ കണ്ട് ഉത്സാഹത്തോടെ മുന്നോട്ടാഞ്ഞു.
കടലാസു പൂക്കൾ ഒരു വസന്തം മുഴുവനും നിറച്ച് ഒരിടുങ്ങിയ സ്ഥലത്ത് കുമിഞ്ഞു നിൽക്കുന്ന അതിന്റെ നിറങ്ങളുടെ മഹേന്ദ്രജാലങ്ങളിലേക്കു കണ്ണയക്കാൻ എത്രനേരം വേണമെങ്കിലുമെടുത്തോട്ടെ എന്ന സൗമനസ്യം കാണിച്ച അയാളെ കുറച്ചു നിമിഷങ്ങൾക്കു ശേഷം നോക്കി ഞാൻ ചോദിച്ചു.
​"യക്ഷിപ്പാലേടെ തൈയ്യുണ്ടോ?"
"ങ്ഹേ ...? ഹെന്തിന്റെ ?"
"ഏഴിലംപാലാന്നും പറയും..."
​അയാളുടെ കണ്ണുകളിൽ ആശങ്ക, നിരാശ, ദേഷ്യം, പുച്ഛം, ജാള്യത എന്നുവേണ്ട ലോകത്തുള്ള
ഇത്തരം സർവ്വ വികാരങ്ങളുടെയും ഒരു മിശ്രണം ഒരൊറ്റ നിമിഷം കൊണ്ടു തെളിഞ്ഞു.
ഇതിലും ഭീകരമായിരിക്കും എനിക്കു പിന്നിൽ നിൽക്കുന്നയാളിന്റെ മുഖഭാവം എന്നുറപ്പുണ്ടായിരുന്നതിനാൽ ഞാൻ ഒരുകാരണവശാലും തിരിഞ്ഞു നോക്കിയില്ല.
"എഷിപ്പാലേന്റെ തയ്യൊക്കെ ആരാ വിക്കാൻ വെക്ക്വാ?"
അതൊക്കെ വല്ല കാട്ടിലുമല്ലേ ഇണ്ടാവ്വ്വാ... മൻഷൻമാർക്ക് എന്തിനാ അത്?
"വേണെങ്കി കള്ളിപ്പാലണ്ട്.. നല്ല പൂവ്ണ്ടാവ്ണത്, പലേതരം..."

'അതു വേണമെങ്കിൽ ഒരു ലോറിക്കുളളത് ഇവിടെ കൊണ്ടുവന്നു തട്ടിത്തരാം' എന്ന്
ഞാൻ പറഞ്ഞില്ല. തിരിഞ്ഞു നടക്കുമ്പോൾ നഴ്സറിക്കാരന്
കേൾക്കാനാവില്ലെന്നുറപ്പുള്ള
ദൂരത്തെത്തിയപ്പോൾ വീട്ടുകാരൻ ദേഷ്യത്തോടെ മുരണ്ടു,
"ഇതിനെന്താ കോമ്പല്ലു കൂർത്തിട്ടുണ്ടോ? കൂടെ കിടക്ക്ണതല്ലേ പേടിക്കണല്ലോ, കുറച്ചു ദിവസായി യക്ഷ്യാൾടെ
പിന്നാലെ കൂടീട്ട്...!"
മറുപടി കൊടുക്കേണ്ട യാതൊരാവശ്യവുമില്ല. നിശബ്ദമായ ചില ചോദ്യങ്ങൾക്കു
നിർബന്ധമായും ഉത്തരമുണ്ടായിരിക്കേണ്ട പോലെത്തന്നെ ശബ്ദമുള്ള ചില
ചോദ്യങ്ങൾക്കു ഉത്തരങ്ങളി ല്ലാതെയുമിരിക്കും.
നിറനിലാവു പരന്നൊഴുകുന്ന അനന്തമായ ആകാശപ്പരപ്പുകളിലേ ക്ക് ആണ്ടിറങ്ങിപ്പാറി ത്തിമർത്തൊടുവിൽ
ഏഴിലംപാല മരങ്ങളിലേക്കുറങ്ങാൻ വന്നണയുന്ന മായാമോഹിനികളെ എന്റെയുള്ളിലെ ഇത്തിരിയിടങ്ങളിൽ തടവിലിട്ട് എനിക്ക് ശ്വാസം മുട്ടി തുടങ്ങിയിരുന്നു. അവർക്കു പാർക്കാനുള്ളയിടങ്ങൾ മനുഷ്യർ
മുഴുവനായും
നശിപ്പിച്ചു കഴിഞ്ഞിരുന്നു.
'പാഴ്മരങ്ങളെന്നൊന്നില്ല കുഞ്ഞേ,' ഞാൻ മുത്തശ്ശി പറഞ്ഞിരുന്നതോ ർത്തു...
ഈ മണ്ണിൽ നിന്നും മാഞ്ഞുപോകുന്ന വരുടെ ഓർമ്മകൾ
പതിഞ്ഞുറങ്ങുന്നത് അവരുടെ മുകളിലാണ് ...
പോകുന്നവർ അവരുടെ ഓർമ്മകളെ സൂക്ഷിച്ചു വെക്കാനേൽപ്പിക്കുന്നവരാണവ.
ദൃശ്യതയുടെയും അദൃശ്യതയുടെയും ഇടയിലെ മതിൽക്കല്ലുകൾ ഇരുലോകങ്ങളുടെയുമിടയിലെ മതിലുകളില്ലാതായാൽ അവർക്കൊരിക്കലും ഇവിടം വിട്ടു പോകാനാവില്ല.
മരിച്ചുപോയവരുടെ ഓർമ്മകളും പേറി നമുക്കിത്രമേൽ നോവേണ്ടിവരുന്നതുമതുകൊണ്ടുതന്നെയാണ്.
വീണു പോകുന്ന ഓരോ പാഴ്മരങ്ങളിൽ നിന്നും ചിതറി ത്തെറിക്കുന്ന കിളിക്കൂട്ടങ്ങൾ പോലെ മരിച്ചുപോയവരുടെ ഓർമ്മകൾ അനാഥമാകുന്നതോർത്തു ഞാൻ വീണ്ടും വലിയൊരു നോവും പേറി കാറിലേക്കു തിരികെക്കയറി സീറ്റിലമർന്നപ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിന്നും ചിരിപടർന്ന രണ്ടു കണ്ണുകൾ എന്നെ നോക്കി.
"ദൈവമേ... യക്ഷിപ്പാലേടെ തയ്യും തപ്പി നടക്കുന്നൊരാളെ ഞാനാദ്യായിട്ട് കാണ്വാണ്.... വീട്ടിചെന്നിട്ട് വേണം പല്ലൊക്കെ നേരാംവണ്ണം ഒന്നു പരിശോധിക്കാൻ..."
വീട്ടുകാരന്റെ കൈവിരലുകൾ എന്റെ ചുണ്ടുകളിൽ വന്നു തൊട്ടു.
ഉള്ളിലുറങ്ങുന്ന മായാമോഹിനികൾ കൂടുവിട്ടുണരും മുമ്പേ ആ വിരലുകളിൽ ഒരു മൃദു കടി നൽകി ഞാൻ കാറിനു പുറത്തേക്കു നോക്കിയിരുന്നു....

( തുടരും )

SunithaVerse ✨

#യക്ഷിപ്പാല3
#വീട്ടുക്കാരൻ

"ദേ ഒന്നിങ്ങ്ട്ട് വന്നേന്ന് " വീട്ടുകാരന്റെ ഉറക്കെയുള്ള വിളി.യക്ഷിപ്പാല  - ഭാഗം - 2​ഈയിടെയായി ഗേറ്റ് 'പ്രോം' എന്ന വലിയൊര...
20/05/2026

"ദേ ഒന്നിങ്ങ്ട്ട് വന്നേന്ന് " വീട്ടുകാരന്റെ ഉറക്കെയുള്ള വിളി.

യക്ഷിപ്പാല - ഭാഗം - 2

​ഈയിടെയായി ഗേറ്റ് 'പ്രോം' എന്ന വലിയൊരലർച്ചയോടെയാണു തുറക്കാറ്. ഞാനതിൻ്റെ വിജാഗിരി ശരിയാക്കുകയോ തൽക്കാലത്തേക്കെങ്കിലും ഒരാശ്വാസത്തിനായി അല്പം എണ്ണ ഒഴിച്ചു കൊടുക്കുകയോ ചെയ്തില്ല. ആ വേനൽക്കാലത്ത് ആരെങ്കിലും ഗേറ്റു തുറക്കുമ്പോൾ അത്തരം ഒരു നിലവിളി എനിക്കത്യാവശ്യമായിരുന്നു. മുറ്റത്തിരുന്നു പച്ചച്ചാണകത്തിൻ്റെ കുഴമ്പും കോഴികാഷ്ഠപ്പൊടിയും ഒക്കെവാരിപ്പൊത്തി കൃഷിപ്പണി ചെയ്യുന്നതിനിടയിലേക്ക് അങ്ങനെയൊരലർച്ച വന്നാൽ എനിക്കു അകത്തേക്കു ഓടിരക്ഷപ്പെടാനുള്ള സമയം കിട്ടുമായിരുന്നു. അവർ ഉമ്മറത്തെത്തുമ്പോഴേക്കും കൈകാലുകൾ വൃത്തിയാക്കി മുഖം മിനുക്കി,
​"ഓഹോ ആരൊക്കെയാണിത്?
അകത്ത് ചില്ലറ പണികളുമായങ്ങനെ
നടക്കുകയായിരുന്നു, കയറി വരൂ, ഇവിടെയിരിക്കാം എന്നൊക്കെ പറയുവാനുള്ള സാവകാശം ഈ നിലവിളി ശബ്ദം എനിക്കു നൽകിയിരുന്നു.

​അങ്ങനെ അന്നും 'പ്രോം' എന്ന ഒച്ചയിൽ ഗേറ്റു അപായ സൂചന തന്നു. പതിവുപോലെ ഞാൻ ചാണകക്കുഴമ്പിൽ മുങ്ങി നില്ക്കുകയാണ്. ഒന്നെത്തിപ്പാളി നോക്കുമ്പോൾ മുട്ടിത്തറ വിഷ്ണുക്ഷേത്രത്തിലെ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളാണ്. ഒരു വലിയ സംഘമുണ്ട്! ഞാൻ ജീവനും കൊണ്ടോടി അകത്തു കയറി ഏതോ വാർത്താ ചാനലിലേക്ക് കണ്ണും കൊളുത്തിയിട്ടിരിക്കുന്ന വീട്ടുകാരനരികിലൂടെ ഓടുന്നതിനിടയിൽ പറഞ്ഞു,
​"അമ്പലക്കമ്മിറ്റിക്കാർ വല്യൊരു കൂട്ടം വരണ് ണ്ട്. ഞാൻ അടുക്കളയിലുണ്ടാവും. ടീച്ചർ കുളിക്ക്യാണ്ന്നോ, ഇപ്പോ ഇവിടെണ്ടായിരുന്നു, പിന്നിലെ പറമ്പിലേക്കിറങ്ങിയിട്ടുണ്ടാവുംന്നോ അങ്ങനെ വല്ലോം പറഞ്ഞാമതിട്ടോ"...
​വാർത്താ ചാനലിലെ
അത്യുഗ്ര വാദപോരാട്ടങ്ങളിൽ സ്വയം ഒരു പാർട്ടിസിപ്പന്റായി അപ്പോഴേക്കും പരകായ പ്രവേശം നടത്തിയിരുന്ന നല്ലപാതി എന്നെ മറ്റേതോ ലോകത്തിൽ നിന്നെന്നപോലൊരു അലസമായ നോട്ടം നോക്കി.
​അടുക്കളയിൽ പതുങ്ങി നിന്ന എനിക്ക് യാതൊരാശങ്കകളും തോന്നിയില്ല. വീട്ടുകാരൻ ഉമ്മറത്തുണ്ട്. കാര്യങ്ങൾ വേണ്ടാംവണ്ണം കൈകാര്യം ചെയ്തോളും.
​"എന്നാശരി, ഞങ്ങളിറങ്ങട്ടെ, കുളിച്ചു കഴിയുമ്പോൾ ടീച്ചറോട് വിവരം പറയൂ എന്ന അവരുടെ യാത്രാമൊഴിയും പ്രതീക്ഷിച്ചു ചാണകത്തിൽ മുങ്ങിയ വിരലുകൾ കാറ്റിലുണങ്ങുന്നതും നോക്കി അടുക്കളയിലങ്ങനെ അലസം നിൽക്കെയാണ്,
​"ദേ ഒന്നിങ്ങ്ട്ട് വന്നേന്ന് " വീട്ടുകാരന്റെ ഉറക്കെയുള്ള വിളി.
​എനിക്ക് ആകെയങ്ങു പുകഞ്ഞു കയറി. രണ്ടു കൈപ്പത്തിയിലും ഗ്ലൗസിട്ടപോലെ ചാണകക്കുഴമ്പാണ്. തലമുടിയാകെ പ്പാറി നെറുകയിൽ തെരികപോലെ നിൽക്കുന്നു. ഒരൊട്ടുപത്തു കൊല്ലം പഴക്കമുള്ള, വാങ്ങുമ്പോൾ ഏതു നിറത്തിലുള്ളതായിരുന്നു എന്നു നിർണ്ണയിക്കാൻ പോലുംമാവാത്ത പിഞ്ഞിയ ഒരു ടീഷർട്ടാണ് വേഷം. ഒരു മൂന്നാളെയും കൂടി പിടിച്ചിട്ടാലും വണ്ണമതിനു പിന്നെയും ബാക്കിയാണ്. ഞാൻ മിണ്ടാതെ നിൽക്കാൻ ഒരു ശ്രമമൊക്കെ നടത്തി. രക്ഷ കിട്ടിയില്ല. അത്യാവശ്യം നല്ല പരിചയക്കാരായ അവരെല്ലാം കൂടി വീട്ടുകാരന്റെ അകമ്പടിയോടെ അകത്തേക്കുന്നം വെക്കുന്നു, ഇനി രക്ഷയില്ല.
​"ഓഹോഹോ ആരൊക്കെയാണിത് ? ഞാനിങ്ങനെ ഓരോരോ കൃഷിപ്പണികളുമായി ചുറ്റി നടക്കുകയായിരുന്നു..." എപ്പഴേ വന്നത്?"
​എന്റെ രൂപത്തിന്റെ പ്രതിഛായ അവരുടെയൊക്കെ കണ്ണുകളിലെ അടക്കി പിടിച്ചു നിൽക്കുന്ന ചിരിയുടെ വെള്ളിത്തിളക്കത്തിൽ ഒരു കണ്ണാടിയിലെന്നപോലെ ഞാൻ കണ്ടു. ഇടങ്കണ്ണിട്ടു നോക്കുമ്പോൾ വീട്ടുകാരനും ഒരു പൊട്ടി വന്ന ചിരിയമർത്താൻ പെടാപാടുപെടുന്നു.

​"-ഇവരിപ്പോ പോവുമല്ലോ, ശരിയാക്കിത്തരാം," ഞാൻ പിറുപിറുത്തു.
​"കുറച്ചു വഴുതനത്തൈ കിട്ടിയിരുന്നു, വാടും മുമ്പെ അതങ്ങു നട്ടുകളയാമെന്നു വെച്ചു"... വളരെ മാന്യവും സർവ്വാത്മനാ സ്വീകാര്യവുമായൊരു
ദിവ്യമായ ജോലിയിലേർപ്പെടുമ്പോൾ രൂപം ഏതാണ്ടിങ്ങനെയൊക്കെ തന്നെയാവുമല്ലോ എന്നാണ് ഞാൻ പറയാതെ പറഞ്ഞു ഈ ക്ഷതത്തിന്റെ ക്ഷീണമാറ്റാൻ നോക്കുന്നത്.
​"-നല്ല കാര്യമല്ലേ, വളോം മരുന്നും അടിക്കാത്തതു തിന്നാലോ..." കൂട്ടത്തിലാരോ ദയ കാണിച്ചതോടെ ചെറുതായൊരാശ്വാസം എവിടെയോ തൊട്ടു. അവരുടെ കണ്ണുകൾ മുട്ടറ്റം വരെ അയഞ്ഞു കിടക്കുന്ന എന്റെ ചാക്കുപോലുള്ള ടീഷർട്ടിലേക്കൊരിക്കലും നീണ്ടു പോവാതിരിക്കാൻ ഞാൻ ആകാവുന്നത്ര വിടർന്നു ചിരിച്ച് അവരുടെ കണ്ണുകൾ എന്റെ മുഖത്തു തന്നെ തളച്ചിട്ടു.
​അപ്പോ ടീച്ചറേ, ഞങ്ങളിറങ്ങട്ടെ, അമ്പലത്തിലേക്കൊന്നു വരൂ, ഒക്കെ വെട്ടിവെടിപ്പാക്കി
മുറ്റം മുഴുവൻ ടൈലിട്ടു. ഇപ്പൊ ആകെയൊരു വെട്ടോം
വെടിപ്പുമായി... "
ഒരു ഉൾക്കിടിലത്തോടെ ഞാൻ ചോദിച്ചു.
​"ആ ഏഴിലംപാലയോ?"
​"അതും വെട്ടി; എന്തൊരു ശല്ല്യായിരുന്നു. എലേം പൊഴിഞ്ഞ്, വേരും പടർന്ന്... ഇപ്പോ ചുറ്റും നല്ല ഐശ്വര്യായി... "
​എന്റെയുള്ളിൽ വളരെ വലിയൊരു ശബ്ദത്തോടെയെന്തോ കടപുഴകി വീണു. വാക്കുകൾ വരണ്ട് ഞാൻ മിണ്ടാതെ നിന്നു. മുഖഭാവം മാറാതിരിക്കാൻ പെടാപ്പാടു പെടുകയാണ്. വേരുകൾ മാന്തിയെടുത്ത് ഐശ്വര്യത്തിനായി ഇന്നലെകളില്ലാത്ത ഒന്നിന്റേയും ഓർമ്മകൾ പേറാത്ത ആരുടെയും സ്വപ്നങ്ങൾ വഹിക്കാത്ത ജീവനറ്റ വിരസമായ ചായങ്ങൾ പൂശിയ പലകകൾ പതിപ്പിച്ചു വെച്ചിരിക്കുന്നു...
​-എന്നാ അങ്ങോട്ടിറങ്ങൂട്ടോ എന്നു കൂട്ടത്തോടെ മന്ത്രിച്ചു അവർ ഗേറ്റു കടന്നുപോയി. എന്റെയൊരു വൻ തിരിച്ചാക്രമണം പ്രതീക്ഷിച്ചു നിന്നയാൾ എന്റെ മുഖത്ത് മൗഢ്യം കണ്ടാവണം
അമ്പരന്നു എന്തു പറ്റിയെന്നു വേവലാതിപ്പെട്ടു.
​"ഒന്നുമില്ല. " ഞാൻ പതുക്കെപ്പറഞ്ഞു...
​"എന്നാലും എന്തേ? " ​
​ഞാൻ മിണ്ടാതെ നിന്നു. സാന്ദ്രതകൊണ്ടുറഞ്ഞുപോയ ആ മറുപടിയെ വാക്കിന്റെ അച്ചുകളിലേക്കുരുക്കിയൊഴിക്കാൻ ഒരു തരത്തിലും എനിക്കപ്പോൾ പറ്റുന്നുണ്ടായിരുന്നില്ല.
​"അത്യാവശ്യം ചാണകം മണക്കുന്നുണ്ടായിരുന്നു എന്നതൊഴിച്ചാൽ കാഴ്ചക്കു തകരാറൊന്നുമുണ്ടായിരുന്നില്ല കേട്ടോ?!"...

​ദേവേട്ടൻ എന്നെ അരികിലേക്കു പിടിച്ചമർത്തി എനിക്കേറ്റവും പ്രിയങ്കരമായ പല്ലുകൾ കടിച്ചു പിടിച്ചുള്ള ആ പ്രത്യേകതരം ചിരി എനിക്കു നേരെയുതിർത്തിട്ടും, എന്റെയുള്ളിലുണ്ടായിരുന്ന അതിഗഹനമായൊരു വിടവിലേക്കൂർന്നൊഴുകി നിറയാനതിനൊരിക്കലും അപ്പോൾ സാധിക്കുമായിരുന്നില്ല.
ദൂരെയാണെങ്കിലും ആ അതികായനായ ഏഴിലംപാല നിലം
പൊത്തിവീണതോടെ ശൂന്യമായിത്തീർന്ന വിളറിയ ആകാശം എനിക്കപ്പോൾ മനക്കണ്ണിൽ കാണാമായിരുന്നു. ഒപ്പം ആലംബമറ്റ് പുകമഞ്ഞുപോലെങ്ങോട്ടോ പാറിയകന്ന ഒരുപാട് നീൾമിഴിനോട്ടങ്ങൾ ഒന്നിച്ചെന്റെയുള്ളിൽ ചേക്കേറുന്നതായും തോന്നി.
​നിറപൗർണ്ണമി ദിവസമായിരുന്നു അന്ന്. ഞാൻ ജനലഴികളിൽ മുഖമമർത്തി നിലാവു പുഴപോലെ ഒഴുകി നനഞ്ഞ മരത്തലപ്പുകളിലേക്കുറ്റു നോക്കി നിന്നു. മുത്തശ്ശിയാണ് പറഞ്ഞു തന്നത്. ഗന്ധർവ്വന്മാർക്ക് ഏതു വൃക്ഷത്തിലും പറന്നിറങ്ങി വിശ്രമിക്കാനാവുമെന്ന്. ഉയരമേറിയ ഇലനിബിഢമായ ശിഖരങ്ങളുണ്ടാവണമെന്നു മാത്രം. ഞാൻ നോക്കുമ്പോൾ പുറത്തെമ്പാടും ആകാശം മുട്ടുന്ന ഇല നിബിഢതകളുണ്ട്. ഗന്ധർവ്വ നിദ്രകൾക്കു ഭംഗമേറ്റിട്ടേയില്ല. എന്നാൽ നിരാലംബരായ മായാമോഹിനികളായ യക്ഷികൾ അഭയമറ്റ് പുകമഞ്ഞിൻ ചുരുളുകളായി മേഘമാലകൾക്കിടയിലൂടെ ലക്ഷ്യമില്ലാതെ ഒഴുകുന്നു. ഈ ലോകത്തിന്റേതാകട്ടെ മറ്റേതോ ലോകത്തിന്റേതാകട്ടെ നിരാലംബതകളെന്നും ആരുടേതായാലും വേദനകൾ തന്നെയാണ്. ഞാനുറച്ച തീരുമാനമെടുത്ത് ജനൽക്കമ്പികൾക്കരികിൽ നിന്നും പിന്തിരിഞ്ഞു.
​(തുടരും)

-SunithaVerse ✨


'അവരുടെ തിങ്ങിയ മാറിടങ്ങളുടെ നനുത്ത ഗന്ധം...'അതൊരു സ്വപ്നമായിരുന്നെന്ന് ഞെട്ടിയുണർന്ന് പുറത്തെ നിശബ്ദമായ നിലാവിലേക്കും ന...
16/05/2026

'അവരുടെ തിങ്ങിയ മാറിടങ്ങളുടെ നനുത്ത ഗന്ധം...'

അതൊരു സ്വപ്നമായിരുന്നെന്ന് ഞെട്ടിയുണർന്ന് പുറത്തെ നിശബ്ദമായ നിലാവിലേക്കും നോക്കി കിടക്കുമ്പോഴും എനിക്ക് വിശ്വസിക്കാനായില്ല. ആരുടെ തേങ്ങിക്കരച്ചിലാണ് ഞാൻ കേട്ടത്? സ്വപ്നത്തിലും മയങ്ങിക്കിടക്കുകയായിരുന്ന എന്റെ മുഖത്തിഴഞ്ഞ പട്ടുപോലത്തെ മുടിനാരനക്കങ്ങളും അസാധ്യ സുരഭിലമായ സുഗന്ധവും പേറിവന്ന ആ സുന്ദരി ആരായിരുന്നു? പാതി തുറന്ന എന്റെ മിഴികൾക്കു മുമ്പിൽ ഒരു ചെറുപറ്റം പോലെ നിന്ന ആ സ്വർഗ്ഗീയ മോഹിനികൾ ആരായിരുന്നു? ഗോചരവും അഗോചരവുമായ ലോകങ്ങൾക്കിടയിലെ ഭിത്തികൾ ഭേദിച്ചവരെന്നിലേക്കെത്തിയതെന്തിനായിരുന്നു?

യക്ഷിപ്പാല - ഭാഗം - 1

​പാലപ്പൂവിന്റെ ഉന്മത്തഗന്ധം അന്നുവരെ അനുഭവിച്ചിട്ടുണ്ടായിരുന്നില്ല.. സുന്ദരികളായ യക്ഷികൾ അലസം മയങ്ങുന്ന രാത്രിയുടെ ആദ്യയാമങ്ങളിൽ പതിയെ വിടർന്ന്, അവരുണർന്ന് പാതിരാകാറ്റിൽ ഭൂമിയിലേക്കൂർന്നിറങ്ങുമ്പോൾ ഒപ്പം ഭൂമിയിൽ പടരുന്ന മാസ്മര ഗന്ധം.. അവരുടെ തിങ്ങിയ മാറിടങ്ങളുടെ നനുത്ത ഗന്ധം...

​എല്ലാം കേട്ടറിവുകളാണ്.. നാട്ടിൽ ഒരിടത്തും പാലമരങ്ങളുണ്ടായിരുന്നില്ല.. കുന്നും മലയും കയറിയിറങ്ങി മരുന്നു ചെടികൾ പറിക്കാൻ നടക്കുന്ന ചെറിയക്കിയമ്മായിയുടെ അടുത്തുനിന്ന് വല്ല പരിഹാരവും കിട്ടുമെന്നുറച്ച് ചോദിച്ചതും ചിറിക്കോണിലൂടെ ഒലിച്ചിറങ്ങുന്ന മുറുക്കാൻ തുപ്പൽ കൈത്തണ്ടു കൊണ്ട് തുടച്ചുകളഞ്ഞ് അവർ പറഞ്ഞു,
​"പണ്ട് ഇബടെവടൊക്കയോ ണ്ടാര്ന്ന്‌... അനക്ക്‌പ്പെന്തിനാ മോളെ യെച്ചിപ്പാല?"
'ഗോചരമല്ലാത്ത ലോകത്തേക്കുള്ള താക്കോൽകൂട്ടങ്ങളഴിഞ്ഞു കിടപ്പുണ്ടാവുമവക്കു ചുവട്ടിലെങ്ങാനും' ഞാനാപ്പോൾ പറഞ്ഞാൽ,
"- ഹെന്ത് പിരാന്താ ഇപ്പെണ്ണിനെന്നും പറഞ്ഞവരു കുലുങ്ങിച്ചിരിച്ചു നടന്നു പോവുകയേയുള്ളൂ"- അതുകൊണ്ടു പറഞ്ഞു,
​"ഒന്നിനുമല്ല, വെറുതെ കാണാനൊരു മോഹം..."
"എവിടെപ്പോയിത്തപ്പാനാ കുട്ട്യേ? ഏയിലംപാല..ന്റെ ഓർമേലൊന്നും വരണില്ലല്ലോ..."

​അതോടെ 'മിഷൻ യക്ഷിപ്പാല' യജ്ഞത്തിന് തുടക്കമായി.. നാടൊട്ടുക്കും അലഞ്ഞു നടന്നു.. കണ്ടവരോടൊക്കെ അന്വേഷിച്ചു.. ഒടുവിലൊരാൾ ഒരു ദിവ്യോപദേശം നൽകി..
​നാട്ടിലെ തൈക്കിളവന്മാരെ ചെന്നുകാണുക... നല്ലകാലത്ത് അവരിലാരെങ്കിലുമൊക്കെ കൊതികേറി ഏതെങ്കിലും പാലച്ചുവട്ടിൽ ചെന്നു നിന്നിട്ടുണ്ടാവും... പേടിച്ചു മൂത്രം പോയിട്ടുണ്ടാകുമെങ്കിലും ഒരിക്കലെങ്കിലും നിറപൗർണ്ണമികളിൽ പാലമരത്തിലേക്കു തലയുയർത്തി നോക്കാത്ത ഒരു കിളവന്മാരും നാട്ടിലുണ്ടാവില്ല....

"ഗോ എഹെഡ്" ...!!
​രായികുട്ടിയപ്പൻ - 78 വയസ്സ്
പള്ളുണ്ണി മാനുവേട്ടൻ 83 വയസ്സ്
തുമ്പോലത്ത് ഹസ്സൻക്ക 76 ......
ബദ്ധ ശ്രദ്ധയും ചെലുത്തി ലിസ്റ്റ് തയ്യാറാക്കുന്ന എന്റെ പാരവശ്യം കണ്ട് നല്ലപാതി സ്നേഹത്തോടെ അരികെ വന്നു...
"എന്തേ സെൻസസ് ഡ്യൂട്ടി പിന്നേം വന്നോ?"
"ഹേയ് ഇതു വേറെ കാണക്കാണ്...
ബൈ ദ ബൈ
നമ്മടെ നാട്ടിൽ 75 കടന്ന എത്ര വയസ്സൻമാരുണ്ടാവും..??"
​എന്തോ അത്യവശ്യത്തിനാണെന്ന് കരുതി വീട്ടുക്കാരൻ ചൂണ്ടുവിരൽ താടിയിൽ ചേർത്ത് മുകളിലേക്ക് കണ്ണയച്ച് ഗഹനമായി ആലോചിച്ചു, പിന്നെ ലിസ്റ്റിലേക്കെത്തിച്ചുനോക്കി,
"ഓ ഇവരെയൊക്കെ പേരെഴുതിയല്ലേ? ഇനി നമ്മുടെ ചിരുതമ്മായി, കണ്ണിയാങ്കളത്തെ ശാന്തേച്ചി"
"ഏയ്.. നോ... ഓൺലി ജെന്റ്സ്..."
"അതിപ്പൊ എന്തു കണക്കിനാണ് ?"
"​നമ്മുടെ നാട്ടിൽ എവിടെയെങ്കിലും പാലമരങ്ങളുണ്ടോ എന്ന അന്വേഷണത്തിനാണ്?"
"ഹെന്ത് ? അതിനെന്തിനാണ് വയസ്സന്മാരെ തപ്പ്ണത്? നമ്മടെ പടിഞ്ഞാറേക്കുണ്ട്ലെ പാടത്തിന്റെ വക്കത്തുള്ള വിഷ്ണുക്ഷേത്രത്തിന്റെ മുറ്റത്തു നിപ്പുണ്ടല്ലോ?"
"ഓഹോ... അപ്പൊൾ നിങ്ങളും... പറയൂ ഏതു പൗർണ്ണമിരാവിലാണ് ഞാനറിയാതെ നിങ്ങളും....."

​വീട്ടുകാരൻ വേഗം സ്ഥലം വിട്ടു. എന്റെ ഇത്തരം കിറുക്കുകൾ ഏറെക്കണ്ടു പഴകിയതാണ്..

​വൈകുന്നേരം കുളിച്ചൊരുങ്ങി ക്ഷേത്രത്തിലേക്കുള്ള നാട്ടുപാതയിലൂടെ നടന്നു. വളരെയകലെയാണ്, ഇക്കണ്ട കാലമത്രയും ആ ക്ഷേത്രത്തിലേക്കൊന്നു പോകാൻ തോന്നിയില്ല. അവിടെ കാത്തു നില്ക്കുന്ന ഭഗവാനോട് ഞാനെന്തുത്തരം പറയും? നിശ്ശബ്ദമായ ചോദ്യങ്ങൾക്കാണെങ്കിലും ഉത്തരങ്ങൾ ഉണ്ടായിരിക്കണമല്ലോ... കുന്നിറങ്ങുമ്പോൾ തന്നെ കണ്ടു, ക്ഷേത്രക്കുളത്തിലേക്കി റങ്ങുന്ന പടവുകൾക്കരികെ ആകാശത്തേക്കു നീട്ടിപ്പിടിച്ച ഇലനിബിഢമായ പരശതം കൈകളോടെ അതികായനായൊരു ഏഴിലംപാലമരം! ഒരുപാടലച്ചിൽ കഴിഞ്ഞൊരാൾ അന്വേഷിച്ചെത്തുന്ന തിന്റെ ആത്മനിർവൃതിയിലത് പോക്കുവെയിലിന്റെ പൊൻതിളക്കം ഇലകളിൽ പുരട്ടി കാറ്റിൽ തലയിളക്കി ചിരിച്ചു.
ദീപാരാധന തൊഴാൻ ശ്രീകോവിലിൽ കയറും മുമ്പെ ഞാനോടി അതിനരികിൽ ചെന്നു തലയുയർത്തി, അമ്പരപ്പിക്കുന്ന അതിന്റെ ഇരുണ്ട ഗഹനതയിലേക്കു ചുഴിഞ്ഞു നോക്കി അഴിച്ചിട്ട കറുത്ത മുടിച്ചുരുളുകൾ പോലെ ഇരുട്ടവിടെ തൂങ്ങി നില്ക്കുന്നു.. ആരുടെയോ നേർത്ത
ചിരിപോലൊരു മർമരമുയർത്തി കാറ്റൊന്നുലഞ്ഞു കടന്നുപോയി...
അദൃശ്യമായ കുറേ നീൾമിഴി നോട്ടങ്ങൾ എനിക്കുനേരെ താഴ്ന്നിറങ്ങുന്നതായി തോന്നി.. വശ്യമായേതോ കാന്തികവലയം ആ മരത്തെ ഭ്രമണം ചെയ്യുന്ന പോലെ, ഞാനാ മോഹവലയത്തിൽ പെട്ടുഴറി നിൽക്കേ, പെട്ടെന്നൊരു ചിലമ്പിയ ശബ്ദം പിന്നിൽ നിന്നുമുയർന്നു.
​"ദീപാരാധന തൊഴുണില്ല്യേ കുട്ട്യേ ... ?" ഞെട്ടിത്തിരിഞ്ഞു നോക്കി. ലിസ്റ്റിൽ പെടാത്ത പരീക്കുട്ടി മൂപ്പനാണ്...
ഞാനൊന്നിരുത്തി നോക്കി. എൺപതിനോടടുത്തിട്ടും കൊതിക്കെറുവു മാറീട്ടില്ല അല്ലേ?
"അമ്പലത്തിലേക്കെന്നും പറഞ്ഞു പാലച്ചുവട്ടിൽ പ്രദക്ഷിണം വെക്ക്യാണല്ലോ...."
പെട്ടെന്നാരുടെയോ പൊട്ടിച്ചിരികൾ പോലെ ആരവം നിറച്ചൊരു കാറ്റോടിയെത്തി എന്നെ പ്പൊതിഞ്ഞു...
"ഹെന്തേ പറഞ്ഞു കുട്ട്യേ?"
"​ഏയ് ഒന്നുല്ല്യ പര്യേപ്പാ ഞാൻ തൊഴാൻ കയറ്വാണ്..."
​ശ്രീകോവിലിനകത്ത് കളഭച്ചാർത്തിൽ നിറ പുഞ്ചിരിയുമായ് ഭഗവാൻ...
കൈകൾകൂപ്പി കണ്ണടച്ചു... ഉത്തരം തയ്യാറാക്കി വെച്ചിരുന്നു..
'ഉള്ളിലെപ്പോഴും നീയുണ്ടല്ലോ, ഇല്ലാത്തൊരാൾ കുളവക്കത്തു നില്പുണ്ട്, അതും തിരഞ്ഞു വന്നതാണ്, നീയെന്നിൽ നിറഞ്ഞു നില്ക്കെ ഞാനെന്തിനു പുറത്തു നിന്നെ തിരയണം, അതുകൊണ്ടാണ് ഇതുവരെ ....'
​ഉം ഉം... ഇന്നസെന്റു ചേട്ടൻ മൂളിയപോലെ ഭഗവാൻ ഒന്നു നീട്ടിമൂളിയതായി തോന്നി.
'പോയി തിരഞ്ഞു വന്നയാളെ മതിവരെ കണ്ടോളൂ, പുറത്ത് ഇരുൾ വീണു തുടങ്ങി...'
​ഞാൻ ശ്രീകോവിലിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ഭഗവാനെ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി ദീപപ്രഭയിൽ എന്നെ പിൻതുടർന്നുകൊണ്ട് അവന്റെ ഗൂഢസ്മിതം ..

​നിബന്ധനകൾ അവസാനിക്കുന്നിടത്തുവെച്ച് വന്യമായ പ്രണയം ആരംഭിക്കുന്നു, പൂർവ്വാധികം ശക്തമായി നിന്നെയും ഉള്ളിൽ വഹിച്ചുകൊണ്ടാണ് നീ സ്വതന്ത്രമാക്കിവിട്ട ഞാനിപ്പോൾ ഈ നടകളിറങ്ങുന്നത് !
ഞാൻ ഇരുൾമൂടാൻ തുടങ്ങുന്ന പാലയിലേക്ക് ഒന്നു നോക്കി. അപ്രമേയ ലാവണ്യം നിറഞ്ഞ കുറേയേറേ കണ്ണുകൾ എനിക്കു യാത്രാ മംഗളം നേരുന്നതായി തോന്നി. ഞാൻ തിരിഞ്ഞു നടന്നു എനിക്കു വഴികാണിക്കാനെന്നവണ്ണം ശബ്ദമില്ലാത്തൊരു ഭാഷപോലെ നനുത്ത പാലപ്പൂമണം എന്നെ പിന്തുടർന്നു!

( തുടരും)

#യക്ഷിപ്പാല #ഏഴിലംപാല

07/05/2026

Follow My Writing Journey ❤️

07/05/2026

Follow my Writing Journey ❤️

07/05/2026

I got over 20 reactions on one of my posts last week! Thanks everyone for your support! 🎉

03/05/2026

Thanks to all my friends 🙏

ആദ്യത്തെ റോസാദളം - ഭാഗം 2
01/05/2026

ആദ്യത്തെ റോസാദളം - ഭാഗം 2

ആദ്യത്തെ റോസാദളം - ഭാഗം - 2

​"- ഒരു തകർന്ന തുടയെല്ലിന്റെ ഒട്ടിച്ചേർന്ന അടയാളത്തിലാണ് ഈ ഭൂഗോളത്തിലെ ആദ്യത്തെ സ്നേഹലിഖിതം കുറിക്കപ്പെട്ടത്."

​എന്നുവെച്ചാൽ....? അവൻ അമ്പരന്നു...
ഉം... അവൾ മൂളി...
​"അതെ, മനുഷ്യൻ മൃഗമല്ലാതായി മാറിയതിന്റെ ആദ്യത്തെ അക്ഷന്ത്യവ്യമായ അടയാളപ്പെടുത്തൽ.
ശരൺ, അതൊരു അതിപ്രാചീന മനുഷ്യസ്ഥിയിലായിരുന്നു, അതിൽ പരിശോധന നടത്തിയ ശാസ്ത്രലോകം നടുക്കത്തോടെ ഒരു സത്യം കണ്ടുപിടിച്ചു, ആ സ്ത്രീയുടെ തുടയെല്ലുകൾ തകർന്നുപോയത് വീണ്ടും ഒട്ടിച്ചേർന്നിരുന്നു.
അവൾ പിന്നെയും ജീവിച്ചിരുന്നു...!!"
​"എനിക്കൊന്നും മനസ്സിലാവുന്നില്ല അനു..."
​വിഡ്ഢിയാനേ നീ സയൻസ് പഠിച്ചിട്ടില്ലേ, ഒരു വ്യക്തിയുടെ തുടയെല്ലുകൾ തകർന്നാൽ അതു ഏതു വിധേനയോ ആവട്ടെ ഭേദപ്പെടാൻ ചുരുങ്ങിയത് എത്ര കാലമെടുക്കും?
​"ഏറ്റവും ചുരുങ്ങിയത് ആറു മാസമെങ്കിലും..."
​"ഇപ്പോൾ നീ ഉത്തരത്തിനടുത്തെത്തി, ഇനിയാലോചിക്ക്,

ഭൂമിയിലെ ആദ്യത്തെ പ്രണയലിഖിതം എങ്ങനെയാണാ തുടയെല്ലിന്റെ കൂടിച്ചേരലിൽ സ്നേഹത്തിന്റെ ആദ്യ ജന്മമെന്ന നിലയിൽ കുറിച്ചുവെക്കപ്പെട്ടതെന്ന്...!!
ഒന്നുരണ്ടു നിമിഷത്തെ ആലോചനയ്ക്കൊടുവിൽ ഒരു ഞെട്ടലോടെ അവൻ പറഞ്ഞു,
​"തുടയെല്ലു തകർന്ന അവളെ ആരോ ഏറ്റവും കുറഞ്ഞത് ആറുമാസമെങ്കിലും കാടിന്റെ വന്യതയിൽ അപകടങ്ങളിൽ പെടാതെ മറച്ചുവെച്ചു, നിത്യവും പരിചരിച്ചു, ഭക്ഷണമെത്തിച്ചു, ആ മുറിവുകളുണങ്ങി എല്ലുകൾ കൂടിച്ചേർന്നവൾ നടക്കാൻ പ്രാപ്തയാവും വരെ ഉപേക്ഷിക്കാതെ നെഞ്ചോട് ചേർത്തു പിടിച്ചു, അങ്ങനെയല്ലേ?
​അനുവിന്റെ മറുപടി കിട്ടാതായപ്പോൾ ശരൺ അവളെ നോക്കി..
നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി അവൾ ആർദ്രമായ് അവനെത്തന്നെ നോക്കിയിരിക്കുന്നു...
തന്റെയും കണ്ണുകൾ അറിയാതെ നിറഞ്ഞു വരുന്നതെന്തിനാണെന്ന് അവനുമപ്പോൾ മനസ്സിലായതേയില്ല!

-SunithaVerse ✨

ആദ്യത്തെ റോസാദളം - ഭാഗം - 2 ​"- ഒരു തകർന്ന തുടയെല്ലിന്റെ ഒട്ടിച്ചേർന്ന അടയാളത്തിലാണ് ഈ  ഭൂഗോളത്തിലെ ആദ്യത്തെ സ്നേഹലിഖിതം...
29/04/2026

ആദ്യത്തെ റോസാദളം - ഭാഗം - 2

​"- ഒരു തകർന്ന തുടയെല്ലിന്റെ ഒട്ടിച്ചേർന്ന അടയാളത്തിലാണ് ഈ ഭൂഗോളത്തിലെ ആദ്യത്തെ സ്നേഹലിഖിതം കുറിക്കപ്പെട്ടത്."

​എന്നുവെച്ചാൽ....? അവൻ അമ്പരന്നു...
ഉം... അവൾ മൂളി...
​"അതെ, മനുഷ്യൻ മൃഗമല്ലാതായി മാറിയതിന്റെ ആദ്യത്തെ അക്ഷന്ത്യവ്യമായ അടയാളപ്പെടുത്തൽ.
ശരൺ, അതൊരു അതിപ്രാചീന മനുഷ്യസ്ഥിയിലായിരുന്നു, അതിൽ പരിശോധന നടത്തിയ ശാസ്ത്രലോകം നടുക്കത്തോടെ ഒരു സത്യം കണ്ടുപിടിച്ചു, ആ സ്ത്രീയുടെ തുടയെല്ലുകൾ തകർന്നുപോയത് വീണ്ടും ഒട്ടിച്ചേർന്നിരുന്നു.
അവൾ പിന്നെയും ജീവിച്ചിരുന്നു...!!"
​"എനിക്കൊന്നും മനസ്സിലാവുന്നില്ല അനു..."
​വിഡ്ഢിയാനേ നീ സയൻസ് പഠിച്ചിട്ടില്ലേ, ഒരു വ്യക്തിയുടെ തുടയെല്ലുകൾ തകർന്നാൽ അതു ഏതു വിധേനയോ ആവട്ടെ ഭേദപ്പെടാൻ ചുരുങ്ങിയത് എത്ര കാലമെടുക്കും?
​"ഏറ്റവും ചുരുങ്ങിയത് ആറു മാസമെങ്കിലും..."
​"ഇപ്പോൾ നീ ഉത്തരത്തിനടുത്തെത്തി, ഇനിയാലോചിക്ക്,

ഭൂമിയിലെ ആദ്യത്തെ പ്രണയലിഖിതം എങ്ങനെയാണാ തുടയെല്ലിന്റെ കൂടിച്ചേരലിൽ സ്നേഹത്തിന്റെ ആദ്യ ജന്മമെന്ന നിലയിൽ കുറിച്ചുവെക്കപ്പെട്ടതെന്ന്...!!
ഒന്നുരണ്ടു നിമിഷത്തെ ആലോചനയ്ക്കൊടുവിൽ ഒരു ഞെട്ടലോടെ അവൻ പറഞ്ഞു,
​"തുടയെല്ലു തകർന്ന അവളെ ആരോ ഏറ്റവും കുറഞ്ഞത് ആറുമാസമെങ്കിലും കാടിന്റെ വന്യതയിൽ അപകടങ്ങളിൽ പെടാതെ മറച്ചുവെച്ചു, നിത്യവും പരിചരിച്ചു, ഭക്ഷണമെത്തിച്ചു, ആ മുറിവുകളുണങ്ങി എല്ലുകൾ കൂടിച്ചേർന്നവൾ നടക്കാൻ പ്രാപ്തയാവും വരെ ഉപേക്ഷിക്കാതെ നെഞ്ചോട് ചേർത്തു പിടിച്ചു, അങ്ങനെയല്ലേ?
​അനുവിന്റെ മറുപടി കിട്ടാതായപ്പോൾ ശരൺ അവളെ നോക്കി..
നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി അവൾ ആർദ്രമായ് അവനെത്തന്നെ നോക്കിയിരിക്കുന്നു...
തന്റെയും കണ്ണുകൾ അറിയാതെ നിറഞ്ഞു വരുന്നതെന്തിനാണെന്ന് അവനുമപ്പോൾ മനസ്സിലായതേയില്ല!

-SunithaVerse ✨

Address

Perinthalmanna
Perintalmanna
679322

Website

Alerts

Be the first to know and let us send you an email when SuniKa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category